Intersex Asia Network - Press Release in Malayalam

Team Intersex Asia Network, Bangkok, Thailand


ഏഷ്യന്‍ ഇന്റര്‍ സെക്സ് ഫോറത്തില്‍വെച്ച് ഏഷ്യയിലെ പ്രാദേശിക ഇന്റര്‍ സെക്സ് ശൃംഖലയായ ഇന്‍റര്‍സെക്സ് ഏഷ്യ രൂപീകരിച്ചു.

2018 ഫെബ്രുവരി 8 മുതല്‍ 11 വരെ തായ്ലണ്ടിലെ ബാങ്ങോക്കില്‍ വെച്ച് ഏഷ്യയുടെ പല ഭാഗത്ത്‌ നിന്നുള്ള പതിനാലോളം ഇന്റര്‍ സെക്സ് വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഏഷ്യയിലെ ആദ്യത്തെ ഇന്റര്‍ സെക്സ് ഫോറം നടന്നു. ഏഷ്യന്‍ ഇന്റര്‍ സെക്സ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള ഒരു വിശദീകരണ കുറിപ്പും പ്രാദേശികമായി ആരംഭിച്ച പുതിയ ശൃംഖലയായ
ഇന്‍റര്‍സെക്സ് ഏഷ്യയെ പറ്റി ഒരു പത്രക്കുറിപ്പും പ്രസിദ്ധപ്പെടുത്തി. കൂടുതല്‍ വായനയ്ക്കായി താഴേക്ക് നോക്കുക!

ഇന്‍റര്‍സെക്സ് ഏഷ്യയുടെ പത്രക്കുറിപ്പ്‌

ബാന്ഗോക്ക്, തായ്ലാന്‍ഡ്‌
11th ഫെബ്രുവരി 2018
2018 ഫെബ്രുവരി 11 നും 18-നും ഇടയ്ക്ക് ഇന്റര്‍സെക്സ്  ഹ്യൂമന്‍റൈറ്റ്സ് ഫണ്ടിന്റെ സഹായത്തോടെ ആദ്യ ഏഷ്യന്‍ ഇന്റര്‍ സെക്സ് ഫോറം തായ്ലണ്ടിലെ തലസ്ഥാനമായ ബന്ഗോക്കില്‍ വെച്ച് നടന്നു. ഇന്റര്‍ സെക്സ് വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെയും പ്രവര്‍ത്തകരുടെയും സംഘടനകളുടെയും മനുഷ്യാവകാശസംരക്ഷണത്തിനു വേണ്ടി ഫോറത്തില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് -ഇന്റര്‍സെക്സ് ഏഷ്യ-എന്ന പ്രാദേശിക സംഘടനയ്ക്ക് രൂപം നല്‍കി. 

ഇന്റര്‍സെക്സ് വിഭാഗത്തില്‍പെട്ട വ്യക്തികളുടെ മനുഷ്യാവകാശ സംരക്ഷണവും ബോധന പരിപാടികളുമാണ് ഇന്റര്‍സെക്സ് ഏഷ്യയുടെ പ്രധാന ലക്‌ഷ്യം. ഏഷ്യയിലെ ഇന്റര്‍സെക്സ് സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശവും ആര്‍ജവമുള്ള ശരീര ബോധവും ഭൗതിക സ്വയംപര്യാപ്തയും സ്വയം നിര്‍ണ്ണയനാവകാശവും ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള പ്രതിനിധി ശബ്ദമായിട്ടാണ് ഇന്‍റര്‍സെക്സ് ഏഷ്യ പ്രവര്‍ത്തിക്കുന്നത്.

ഏഷ്യയിലെ ഇന്‍റര്‍സെക്സ് സമൂഹത്തിന്‍റെ മനുഷ്യാവകാശങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്ന ഈ നിമിഷം ഇന്‍റര്‍സെക്സ് ഏഷ്യയെ സംബന്ധിച്ച് ഒരു ചരിത്രമുഹൂര്‍ത്തം തന്നെയാണ്.

ഏഷ്യന്‍ ഭൂകണ്ഡത്തിലെ ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പെട്ടവരുടെ ശാരീരിക ആരോഗ്യാവസ്ഥയെ പറ്റി ഇവിടെയുള്ള ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും നിരക്ഷരത ഏഷ്യയിലെ ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പെട്ട കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും ആരോഗ്യപരിപാലന നടപടികളെയും ശസ്ത്രക്രിയാ സംവിധാനങ്ങളെയും അപകടകരം വിധത്തില്‍ സാമാന്യവത്ക്കരിചിട്ടുണ്ട്.

ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പെട്ടവരുടെ ജന്മനാലുള്ള ലൈംഗികസ്വഭാവങ്ങള്‍ അവരുടെ ലൈംഗികാവയവങ്ങളും ഹോര്‍മോണുകളും ക്രോമോസോം ക്രമവുമടങ്ങുന്ന ലൈംഗികശരീരാവസ്ഥയെ രൂപപ്പെടുതുന്നതിനാല്‍, സമൂഹം അനുശീലിക്കുന്ന ആണ്‍-പെണ്‍ ദ്വന്ദത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തിടത്തോളം ആ വിഭാഗത്തില്‍പെട്ട കുട്ടികളുടെയും കൌമാരക്കരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും അവരുടെ ആരോഗ്യപരിപാലനത്തിനും ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നതിനുമുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുകയും അവര്‍ക്ക് നേരെയുള്ള പീഡനങ്ങളും ദ്രോഹങ്ങളും വര്‍ദ്ധിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട സമത്വവും സാഹോദര്യവും നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

സാംസ്ക്കാരികവും മതപരവുമായ വിശ്വാസങ്ങളും പരമ്പരാഗതവും അല്ലാത്തതുമായ ആരോഗ്യസംരക്ഷണ നടപടികളും കൊണ്ട് ഏഷ്യയിലെ ഇന്റര്‍സെക്സ് വിഭാഗം വലിയ തോതില്‍ വിഭാഗീയതയെ നേരിടുന്നതിനു പുറമേ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈയൊരു വിഭാഗത്തിന്റെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ-നിയമ സംവിധാനങ്ങളെ നമ്മള്‍ അനുകൂലിക്കേണ്ടതുണ്ട്.

ഇന്‍റര്‍സെക്സ് ഏഷ്യ: ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുകയും ബോധന പരിപാടികളിലൂടെ അവരുടെ വിഷയങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുകയും അവര്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകളുടെയും വ്യക്തികളുടെയും ഒരു ശ്രുംഖലയാണ് ഇന്‍റര്‍സെക്സ് ഏഷ്യ.

മാള്‍ട വിളംബരം എന്നറിയപ്പെടുന്ന മൂന്നാമത് അന്താരാഷ്‌ട്ര ഇന്‍റര്‍സെക്സ് ഫോറത്തിലെ പൊതുജന പ്രസ്താവനയും ഇന്‍റര്‍സെക്സ് പ്രീ-കോണ്‍ഫറന്‍സിലെ (ILGA-Asia 2017) ഇന്‍റര്‍സെക്സ് പ്രസ്താവനയും കണക്കിലെടുത്ത് ഇന്‍റര്‍സെക്സ് വിഭാഗക്കാര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാനും അവരുടെ അവകാശ സംരക്ഷണത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ ജീവിക്കാനുള്ള അവകാശം, ആര്‍ജവമുള്ള ശരീരബോധം, ഭൗതികമായ സ്വയംപര്യാപ്തത, സ്വയംനിര്‍ണ്ണയാവകാശം എന്നിവ ഉറപ്പുവരുത്താനുമുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ഏഷ്യ ഇന്‍റര്‍സെക്സ് ഫോറവും ഏഷ്യ ഇന്‍റര്‍സെക്സും ഉറച്ച തീരുമാനമെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
  1. Hiker Chiu Taiwan (Chinese, English): hiker@oii.tw
  2. Gopi Shankar Madurai India (English,Tamil, Malayalam, Hindhi): br.gopishankar@gmail.com, +918610539702, +919092282369, @gopishankarmdu
  3. Nada Chaiyajit Thailand (Thai, English): nada.chaiyajit@gmail.com
  4. Small Luk Hong Kong, China (Chinese, Cantonese, English): ivysmall@ymail.com, +85251996331 (whatsapp)
  5. Esan Regmi Nepal (Nepali, English): esanregmi@gmail.com, +977 9861336738

ഏഷ്യന്‍ ഇന്‍റര്‍ സെക്സിന്റെ പൊതുജനപ്രസ്താവന

ബാങ്ങോക്, തായ്ലണ്ട്
11th ഫെബ്രുവരി 2018
2018 ഫെബ്രുവരി 11 നും 18-നും ഇടയ്ക്ക് ഇന്റര്‍സെക്സ്  ഹ്യൂമന്‍റൈറ്റ്സ് ഫണ്ടിന്റെ സഹായത്തോടെ ആദ്യ ഏഷ്യന്‍ ഇന്റര്‍സെക്സ് ഫോറം തായ്ലണ്ടിലെ തലസ്ഥാനമായ ബന്ഗോക്കില്‍ വെച്ച് നടന്നു.  ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്മാര്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ്, തായ്ലണ്ട്, തായ്‌വാന്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് പതിനാലോളം ഇന്റര്‍സെക്സ് വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കു ചേര്‍ന്നു.

ആമുഖം (Preamble)
ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പെട്ടവര്‍ യഥാര്‍ത്ഥ മനുഷ്യരാണെന്നും ഏഷ്യയടക്കം എല്ലാ രാജ്യങ്ങളിലും ലോകത്തിലെ എല്ലാ മതങ്ങളിലും ഞങ്ങള്‍ ജീവിക്കുന്നുണ്ടെന്നും ഉറപ്പിച്ചു പറയുന്നു. ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന സാമൂഹ്യവും രാഷ്ട്രീയവും നിയമപരവുമായ പ്രശ്നങ്ങളുടെ പേരില്‍ ഞങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. 

ഏഷ്യയുടെ പലഭാഗത്തുമുള്ള ഇന്‍റര്‍സെക്സ് സമൂഹത്തിന് നേരെയുള്ള വിവേചനം അവസാനിപ്പിക്കാനും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഇന്‍റര്‍സെക്സ് പ്രവര്‍ത്തകരായ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.

ആവശ്യങ്ങള്‍
·         ഇന്‍റര്‍സെക്സ് വ്യക്തികള്‍ നേരിടുന്ന സഹനങ്ങളുടെയും അനീതിയുടെയും യാഥാര്‍ത്ഥ്യം അംഗീകരിക്കുക
·         ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് നേരെയുള്ള ലിംഗവിഭജനമനോഭാവവും, നിലവിലുള്ള ചികിത്സാവിധികളും, മുദ്രചാര്‍ത്തിയുള്ള അവമതിയും കൊണ്ട് അവര്‍ക്ക് സംഭവിക്കുന്ന മാനസികാഘാതങ്ങളുടെയും രോഗാവസ്ഥകളുടെയും യാഥാര്‍ത്ഥ്യം അംഗീകരിക്കുക
·         ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പെട്ടവരുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന പദാവലികള്‍ മുന്‍നിര്‍ത്തിയുള്ള അപകീര്‍ത്തിവത്ക്കരണം ഉപേക്ഷിക്കുക.

·         ഇന്‍റര്‍സെക്സ് എന്നാല്‍ ജീവശാസ്ത്രപരമായ ഒരു സ്വാഭാവിക ലൈംഗികാവസ്ഥയാണെന്നും അത് വ്യക്തിയുടെ ലൈംഗികതാല്പ്പര്യങ്ങളില്‍ നിന്നും ലിംഗവ്യക്തിത്വത്തില്‍ നിന്നും വേറിട്ട ഒന്നാണെന്നുമുള്ള സത്യത്തെ അംഗീകരിക്കുക. ഒരു ഇന്‍റര്‍സെക്സ് മനുഷ്യന്‍ ഹെറ്ററോസെക്ഷ്വലോ ലെസ്ബിയനോ ബൈസെക്ഷ്വലോ അല്ലെങ്കില്‍ എസെക്ഷ്വലോ ആകാം. അതുമല്ലെങ്കില്‍ ആണോ പെണ്ണോ, ആണ്‍-പെണ്‍ വ്യക്തിത്വങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതോ അല്ലാത്തതോ ആകാം.

·         ലിംഗശസ്ത്രക്രിയയിലൂടെ നടക്കുന്ന അവയവ നിര്‍മ്മാര്‍ജ്ജനത്തിലൂടെയും, മനശാസ്ത്രപരമായ ഉപദേശങ്ങളിലൂടെയും നിലവിലുള്ള നിയമസാധുതകളുടെ പഴുതിലൂടെ നടന്നു വരുന്ന മറ്റ് ചികിത്സാ നടപടികളിലൂടെയും ഒരു ഇന്‍റര്‍സെക്സ് വ്യക്തിയെ ലൈംഗികമായി സാമാന്യവത്ക്കരിക്കുന്ന നടപടികള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. സ്വന്തം ശരീരത്തിന്റെ സ്വാഭാവികമായ പൂര്‍ണ്ണതയെയും, ഭൗതികസ്വയംപര്യാപ്തതയെയും സ്വയംനിര്‍ണ്ണയനശേഷിയെയും അടിസ്ഥാനമാക്കി സ്വതന്ത്രതീരുമാനങ്ങള്‍ എടുക്കാന്‍ ഇന്‍റര്‍സെക്സ് വ്യക്തികള്‍ ശാക്തീകരിക്കപ്പെടണം.

·         ഒരു കുട്ടി ജനിക്കും മുന്നേ പ്രീപ്ലാന്‍റെഷന്‍ ജെനിറ്റിക്ക് ഡയഗനോസിസ് (preinplantation genetic diagnosis), പ്രീ നേറ്റല്‍ സ്ക്രീനിംഗ് (pre-natal screening), സെലക്ടീവ്അബോര്‍ഷന്‍ (selective abortion) തുടങ്ങിയ തുടങ്ങിയ മാര്‍ഗങ്ങളുപയോഗിച്ച് ഇന്‍റര്‍സെക്സ് കുഞ്ഞുങ്ങളുടെ ഭ്രൂണം നശിപ്പിക്കുന്നത് തടയുക.

·         ഇന്‍റര്‍സെക്സ് വ്യക്തികളെപറ്റിയും അവര്‍ക്കിടയിലെ വ്യക്തിത്വ വ്യതിയാനങ്ങളെപറ്റിയും കൃത്യമായ ധാരണയില്ലാതെ നടന്നു വരുന്ന ലിംഗനിര്‍ണ്ണയ ചികിത്സാമാര്‍ഗങ്ങളും, ഭ്രൂണനിര്‍ണ്ണയ നടപടികളും ഉചിതമല്ലാത്ത മറ്റ് ചികിത്സാപ്രയോഗങ്ങളും പെരുമാറ്റചട്ടങ്ങളും നിര്‍ത്തലാക്കുക. 

·         ഇന്‍റര്‍സെക്സ് വ്യക്തികളുടെ പൊതുസമ്മതമില്ലാതെ അവര്‍ക്കിടയില്‍ നടന്നു വരുന്ന വന്ധ്യംകരണ നടപടികള്‍ നിര്‍ത്തലാക്കുക.

·         WHO അടക്കമുള്ള ആരോഗ്യസംഘടനകളുടെ മാര്‍ഗനിര്‍ദേശരേഖകളിലും പെരുമാറ്റചട്ടങ്ങളിലും ചികിത്സാപ്രയോഗങ്ങളിലും പ്രതിപാദിക്കുന്ന ലൈംഗിക വൈവിദ്ധ്യത്തില്‍പ്പെടുന്ന വ്യക്തികളുടെ രോഗ നിര്‍ണ്ണയന നടപടികള്‍ അടിമുടി പരിഷ്ക്കരിക്കുക.

·         മനുഷ്യാവകാശത്തിലൂന്നിയ ഇന്‍റര്‍സെക്സ് ബോധനപരിപാടികള്‍ പ്രസവപൂര്‍വ്വഉത്ബോധനങ്ങളിലൂടെയും സഹായമനോഭാവത്തിലൂടെയും നടപ്പിലാക്കുക.

·         ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പ്പെടുന്ന കുങ്ങുങ്ങളുടെ ദയാവധവും ശിശുഹത്യകളും പൂര്‍ണ്ണമായി നിര്‍ത്തലാക്കുക.

·         പാരമ്പര്യം നിലനിര്‍ത്താനുള്ള താല്‍പ്പര്യപ്രകാരം ഇന്‍റര്‍സെക്സ് കുഞ്ഞുങ്ങളെ ആണുങ്ങളായി മാറ്റാനുള്ള സാമാന്യവത്ക്കരണ ശസ്ത്രക്രിയകള്‍ നിര്‍ത്തലാക്കുക.

·         വന്ധ്യതയുടെ പേരില്‍ ഇന്‍റര്‍സെക്സ് വ്യക്തികളുടെ ദായക്രമ അവകാശത്തെ നിഷേധിക്കരുത്.

·         ഇന്‍റര്‍സെക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സമാനമനസ്ക്കരുടെ കൂട്ടായ്മകളെയും കണ്ടെത്തി അവരുടെ മനുഷ്യ വിഭവശേഷിയെ ശാക്തീകരിക്കേണ്ടതുണ്ട്.

·         നിയമസംവിധാനങ്ങളുടെ സഹായമുപയോഗിച്ച് ഇന്‍റര്‍സെക്സ് വ്യക്തികളോടുള്ള വിവേചനപരമായ പെരുമാറ്റങ്ങള്‍ നിര്‍ത്തലാക്കേണ്ടതുണ്ട്.

·         ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും പ്രതിപാദിക്കുന്ന നിയമങ്ങളുടെ പരിധിക്കുള്ളില്‍ ഇന്‍റര്‍സെക്സ് വ്യക്തികളുടെ സംരക്ഷണവും ഉറപ്പുവരുത്തുക.

·         അംഗപരിമിതിയുള്ള ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് നിയമപരിരക്ഷയും  സഹായവും ഉറപ്പാക്കുക.

·         ഇന്‍റര്‍സെക്സ് വിഭാഗത്തില്‍പെട്ട അഭയാര്‍ഥികളെ തിരിച്ചറിയുകയും വിവേചനപരമായ പെരുമാറ്റങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക.

·         വിവാഹത്തിലും ദത്തുനിയമ നടപടികളിലും ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് തുല്യവും വിവേചനരഹിതവുമായ നിയമപരിരക്ഷ ഉറപ്പാക്കുക
·         തൊഴിലിടങ്ങളില്‍ ഇന്‍റര്‍സെക്സ് വ്യക്തികള്‍ നേരിടുന്ന വിവേചനപരമായ പെരുമാറ്റങ്ങള്‍ക്ക് അറുതിവരുത്തുക
·         ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും  സുരക്ഷിതവും ധാര്‍മ്മിക പിന്തുണയുള്ളതും ആഘോഷപൂര്‍ണ്ണവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുക.
·         ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും മനുഷ്യാവകാശത്തിലധിഷ്ടിതമായ ബോധനപരിപാടികള്‍ ഉറപ്പുവരുത്തുക.
·         ഇന്‍റര്‍സെക്സ് വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ബന്ധിപ്പിച്ച് ഒരു ഇന്‍റര്‍സെക്സ് സമൂഹം സൃഷ്ടിക്കുന്നതില്‍ അവരെ സഹായിക്കുക
·         ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് അവരുടെ ആരോഗ്യശാസ്ത്രരേഖകളും ചരിത്രവും ആവശ്യമുള്ള ഘട്ടങ്ങളില്‍ പരിശോധിക്കാനും ഉപയോഗിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുക.
·         ആശുപത്രികള്‍, വിദ്യാകേന്ദ്രങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി സാമുദായികവും പൗരസ്വാതന്ത്ര്യവുമുള്ള ഇടങ്ങളില്‍ പെരുമാറുമ്പോള്‍ ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് ആവശ്യമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുക
·         ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് ആവശ്യമായ എല്ലാ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സുരക്ഷിതമാക്കുക
·         ഇന്‍റര്‍സെക്സ് വ്യക്തികളുടെ ശാരീരിക ക്ഷമതയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് രോഗലക്ഷണകേന്ദ്രിതമല്ലാത്തതും സാമൂഹ്യമനോഭാവത്തിലൂന്നിയതും സമാനമനസ്ക്കതയുള്ളതുമായ ഒരു സൗഹൃദഭാവം അവരോടും അവരുടെ കുടുംബങ്ങളോടും അവരുടെ സുഹൃത്തുക്കളോടും ആജീവനാന്തം പുലര്‍ത്തുക
·         ഇന്‍റര്‍സെക്സ് വ്യക്തികളുടെ ജീവിതനന്മ നിലനിര്‍ത്തുകയെന്നത് തങ്ങളുടെ സുപ്രധാനദൗത്യമാണെന്നും ഗുണമേന്മയുള്ള പരിചരണവും പെരുമാറ്റവും നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഉറപ്പു വരുത്തേണ്ടതാണ്.

·         എപ്പോഴും ലഭ്യമായതും ഉചിതമായതുമായ മാനസിക-ശാരീരിക ആരോഗ്യ പരിപാലന സംവിധാനം ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് ഉറപ്പാക്കുക
·         എല്ലാ മനുഷ്യരെയും പോലെ വ്യത്യസ്ത ലിംഗ വ്യക്തിത്വങ്ങള്‍ കൈവരിച്ച് ഓരോ ഇന്‍റര്‍സെക്സ് കുട്ടികള്‍ക്കും പെണ്ണായോ ആണായോ രേഖപ്പെടാനും വളരാനും അവകാശമുണ്ട്
·         നിലവിലുള്ള ലൈംഗിക/ലിംഗഭേദ വര്‍ഗീകരണങ്ങളില്‍, ആ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ആവശ്യാനുസരണം, ഭേദഗതി വരുത്തുവാനുള്ള ഭരണ നിര്‍വഹണ നടപടിക്രമങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. യൗവനം പ്രാപിച്ചവരും കാര്യശേഷിയുള്ള  ഇളംപ്രായക്കാരും തങ്ങളുടെ ലിംഗാസ്ഥിത്വത്തെ ആണ്‍, പെണ്‍, അല്ലെങ്കില്‍ ആണ്‍-പെണ്‍ ദ്വന്ദങ്ങളില്‍ പരിമിതപ്പെടാത്ത, അതുമല്ലെങ്കില്‍ മറ്റനേകം ലിംഗാസ്ഥിത്വ സാദ്ധ്യതകളില്‍ സ്വന്തം നിലനില്‍പ്പിനെ രേഖപ്പെടുത്തെണ്ടതുണ്ട്. ഭാവിയില്‍ ഒരാള്‍ പോലും തങ്ങളുടെ തിരിച്ചറിയല്‍ രേഖയിലോ ജനനപത്രത്തിലോ വര്‍ഗത്തിന്റെയോ മതത്തിന്റെയോ ലിംഗ-ഭേദ വര്‍ഗീകരണങ്ങളുടെയോ പേരില്‍ അടയാളപ്പെടരുത്.

·         ഇന്‍റര്‍സെക്സ് വ്യക്തികളുമായി നേരിട്ടിടപെടുന്ന അവരുടെ കുടുംബങ്ങള്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ മറ്റ് കാര്യനിര്‍വ്വാഹകര്‍ക്കോ മാത്രമല്ല സമൂഹത്തിലെ എല്ലാവര്ക്കും ഇന്‍റര്‍സെക്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനുഷ്യാവകാശ കാഴ്ചപ്പാടോടെ ഇടപെടാനും അവരുടെ ജീവിത നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും സാഹചര്യമൊരുക്കുകയും അതൊരു ദൗത്യമായി തിരിച്ചറിയപ്പെടെണ്ടതുമുണ്ട്.

·         ലിംഗനിര്‍ണ്ണയ പരിശോധനകളില്‍ നിന്ന് ഇന്‍റര്‍സെക്സ് വ്യക്തികളെ പൂര്‍ണ്ണമായി മോചിപ്പിക്കാനും അവരുടെ അടിസ്ഥാന സ്വകാര്യതയും അന്തസ്സും നിലനിര്‍ത്താനും എല്ലാ മത്സരവിഭാഗങ്ങളിലും ചുറുചുറുക്കോടെ പങ്കെടുക്കാനും അവരുടെ അംഗീകൃത ലിംഗവ്യക്തിത്വം അനുവദിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുക. പുറത്താക്കപ്പെട്ടതും അവഹേളിക്കപ്പെട്ടതുമായ ഇന്‍റര്‍സെക്സ് വിഭാഗത്തിലുള്ള കായികാഭ്യാസികള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കി അവരെ യഥാസ്ഥാനങ്ങളില്‍ നിയോഗിക്കേണ്ടതുണ്ട്.

·         ഇന്‍റര്‍സെക്സുമായി ബന്ധപ്പെട്ട വിഷയങ്ങളും അവരുടെ മനുഷ്യാവകാശങ്ങളും പൊതുജന മദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യുകയും വലിയ തോതില്‍ ബോധന പരിപാടികള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.
·         ഇന്‍റര്‍സെക്സ് വ്യക്തികളുടെ അനുഭവങ്ങളും ജീവിതവും മുന്‍നിര്‍ത്തിയുള്ള ഒരു സമഗ്ര ലൈംഗികബോധന സമ്പ്രദായം നടപ്പുവിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

·         ഇന്‍റര്‍സെക്സ് വ്യക്തികള്‍ നേരിട്ടതും നേരിടുന്നതുമായ എല്ലാ സഹനങ്ങളും അനീതിയും തിരിച്ചറിയുകയും അവര്‍ക്കാവശ്യമായ നഷ്ടപരിഹാരവും നീതിന്യായവും സത്യാവകാശങ്ങളും ആവശ്യം ലഭ്യമാക്കേണ്ടതുണ്ട്.  

മുകളില്‍ കൊടുത്ത കാര്യങ്ങളുടെ വെളിച്ചത്തില്‍ ഏഷ്യ ഇന്‍റര്‍സെക്സ് മൂവ്മെന്റ് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു

·         അന്തര്‍ദേശീയവും ദേശീയവും പ്രാദേശീയവുമായ എല്ലാ മനുഷ്യാവകാശ സ്ഥാപങ്ങളും അവരുടെ കാര്യ നിര്‍വ്വഹണങ്ങളിലും നീതിന്യായങ്ങളിലും ഇന്‍റര്‍സെക്സ് വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

·         ഏഷ്യന്‍ ഇന്‍റര്‍സെക്സ് മൂവ്മെന്റ് മുന്നോട്ടു വെയ്ക്കുന്ന കാര്യങ്ങള്‍ക്കുള്ള തക്കതായ പരിഹാരങ്ങള്‍ നടപ്പിലാക്കാന്‍ ഇന്‍റര്‍സെക്സ് പ്രതിനിധികളോടും സംഘടനകളോടും ഒപ്പം നിന്ന് അതാത് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതാണ്.

·         സാംസ്ക്കാരികപ്രവൃത്തിയെന്ന പേരില്‍ നടക്കുന്ന അതിക്രൂരമായ ശിശുഹത്യകളും ഇന്‍റര്‍സെക്സ് വ്യക്തികളുടെ ദയാവധങ്ങളും അതാത് സര്‍ക്കാരുകള്‍ നിര്‍ത്തലാക്കുക
·         ഇന്‍റര്‍സെക്സ് വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും അവരുടെ അവകാശമാണെന്ന ബോധത്തോടെ അവരുടെ ജീവിതത്തെ സത്യബുദ്ധിയോടെ ധാര്‍മ്മികമായി അവതരിപ്പിക്കാന്‍ മാദ്ധ്യമങ്ങളും അവരുടെ വാര്‍ത്താ ഉറവിടങ്ങളും ശ്രദ്ധ ഉറപ്പുവരുത്തേണ്ടതാണ്.

·         ഇന്‍റര്‍സെക്സ് വിഭാഗത്തില്‍ നിലനില്‍ക്കുന്ന മിഥ്യാ ധാരണകളെയും ദൂഷണങ്ങളെയും ഇല്ലാതാക്കാനുള്ള ബോധനപരിപാടികളുമായി സാമൂഹിക നായകന്മാര്‍ മുന്നോട്ടു വരേണ്ടതാണ്.

·         ധനസഹായം നല്‍കുന്ന ഏജന്‍സികള്‍ ഇന്‍റര്‍സെക്സ് സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സമൂഹമദ്ധ്യത്തില്‍ അവരുടെ പ്രത്യക്ഷത ഉറപ്പു വരുത്താന്‍ സഹായിക്കുകയും, അവരുടെ കാര്യപ്രാപ്തിയെ വര്‍ദ്ധിപ്പിക്കുകയും സത്യത്തിലൂന്നിക്കൊണ്ട് അവരുമായി ബന്ധപ്പെട്ട അറിവുകളെ നിര്‍മ്മിക്കുകയും അവരുടെ മനുഷ്യാവകാശം ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്. 

·         ഇന്‍റര്‍സെക്സ് സംഘടനകളുടെ ശൃംഖലകള്‍ വ്യാപകമാക്കാനും അവര്‍ തമ്മിലുള്ള പരസ്പര സഹകരണവും അര്‍ത്ഥവത്തായ ഇടപെടലുകളും സാദ്ധ്യമാക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ സഹായിക്കേണ്ടതുണ്ട്. സഹവത്തിത്വ മനോഭാവത്തോടെ ആരും ആരെയും ഉപകരണമാക്കാതെയുള്ള ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇങ്ങനെയൊരു യത്നം സഫലമാവുകയുള്ളൂ.

Translated by
M R Vishnuprasad & Leeny Abraham Elango for Srishti Madurai LGBTQIA+ Student Volunteer Movement India.